Isaiah 8

യെശയ്യാവും അദ്ദേഹത്തിന്റെ മക്കളും ഒരു ചിഹ്നംപോലെ

1അപ്പോൾ യഹോവ എന്നോട്: “നീ ഒരു വലിയ ഫലകം എടുത്ത് അതിൽ സാധാരണ അക്ഷരത്തിൽ, മഹേർ-ശാലാൽ-ഹാശ്-ബസ്”
വേഗം കവർച്ച ചെയ്യപ്പെടുന്ന അഥവാ, വേഗം നശിക്കുന്ന എന്നർഥം.
എന്ന് എഴുതുക.
2ഞാൻ എനിക്കുവേണ്ടി ഊരിയാ പുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവിനെയും വിശ്വസ്തസാക്ഷികളായി വിളിക്കും. 3പിന്നീട് ഞാൻ പ്രവാചികയുടെ അടുക്കൽ ചെന്നു, അങ്ങനെ അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “അവന് മഹേർ-ശാലാൽ-ഹാശ്-ബസ്, എന്നു പേരിടുക. 4കാരണം ഈ കുട്ടിക്ക് അപ്പാ, അമ്മാ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ്, ദമസ്കോസിലെ ധനവും ശമര്യയിലെ കവർച്ചമുതലും അശ്ശൂർരാജാവ് എടുത്തുകൊണ്ടുപോകും.”

5യഹോവ പിന്നെയും എന്നോട് ഇപ്രകാരം അരുളിച്ചെയ്തു:

6“ഈ ജനം ശാന്തമായി ഒഴുകുന്ന
ശീലോഹാവെള്ളത്തെ ഉപേക്ഷിച്ചതുകൊണ്ടും
രെസീനിലും രെമല്യാവിന്റെ
മകനിലും ആനന്ദിക്കുന്നതുകൊണ്ടും,
7കർത്താവ് അവരുടെമേൽ യൂഫ്രട്ടീസിലെ
ശക്തവും സമൃദ്ധവുമായ പ്രളയജലം—
അശ്ശൂർരാജാവിനെയും അവന്റെ സകലസന്നാഹത്തെയും—അയയ്ക്കും.
അത് അവരുടെ എല്ലാ തോടുകളിലും പൊങ്ങി
അതിന്റെ എല്ലാ കരകളിലും കവിഞ്ഞൊഴുകും.
8അനന്തരം അതു യെഹൂദ്യയിലേക്കു
കടന്നു കവിഞ്ഞൊഴുകി കഴുത്തുവരെയും എത്തും.
ഇമ്മാനുവേലേ, അതിന്റെ വിരിച്ച ചിറകുകൾ,
നിന്റെ ദേശത്തിന്റെ വിസ്തൃതിയെ മൂടും.”

9രാഷ്ട്രങ്ങളേ, യുദ്ധാരവം മുഴക്കുകയും തകർന്നടിയുകയുംചെയ്യുക!
ഭൂമിയിലെ വിദൂരസ്ഥലങ്ങളേ, ചെവിതരിക.
യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക!
അതേ, യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക!
10നിങ്ങൾ ഒരു യുദ്ധതന്ത്രം ആവിഷ്ക്കരിക്കുക, എന്നാൽ അതു നിഷ്ഫലമാക്കപ്പെടും;
നിങ്ങളുടെ ഉത്തരവ് പുറപ്പെടുവിക്കുക, അതു നിലനിൽക്കുകയില്ല,
കാരണം ദൈവം നമ്മോടുകൂടെയുണ്ട്.
മൂ.ഭാ. ഇമ്മാനുവേൽ

11യഹോവ വളരെ കർക്കശമായ മുന്നറിയിപ്പോടെ എന്നോടു സംസാരിച്ച് ഈ ജനങ്ങളുടെ വഴിയിൽ നടക്കാതിരിക്കാൻ ഉപദേശിച്ചു. അവിടന്ന് അരുളിച്ചെയ്തത്:

12“ഈ ജനം ഗൂഢാലോചന എന്നു വിളിക്കുന്ന
എല്ലാറ്റിനെയും നിങ്ങൾ ഗൂഢാലോചന എന്നു വിളിക്കരുത്;
അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്,
ഭ്രമിക്കുകയുമരുത്.
13സൈന്യങ്ങളുടെ യഹോവയെയാണ് നിങ്ങൾ പരിശുദ്ധനായി കരുതേണ്ടത്,
അവിടന്നു നിങ്ങളുടെ ഭയം ആയിരിക്കട്ടെ,
അവിടന്നുതന്നെ നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
14അപ്പോൾ അവിടന്ന് ഒരു വിശുദ്ധമന്ദിരമാകും;
എന്നാൽ ഇസ്രായേലിനും യെഹൂദയ്ക്കും അവിടന്ന്
കാലിടറിക്കുന്ന കല്ലും
നിലംപരിചാക്കുന്ന പാറയുമാണ്.
ജെറുശലേംനിവാസികൾക്ക്
അവിടന്ന് ഒരു കെണിയും കുരുക്കും ആയിരിക്കും.
15പലരും കാലിടറി വീഴും;
അവർ വീണു തകർന്നുപോകുകയും
കെണിയിൽ കുടുങ്ങി പിടിക്കപ്പെടുകയും ചെയ്യും.”

16ഈ മുന്നറിയിപ്പിന്റെ സാക്ഷ്യം കെട്ടിവെക്കുക;
എന്റെ ശിഷ്യരുടെയിടയിൽ നിയമം മുദ്രയിട്ടു സൂക്ഷിക്കുക.
17യാക്കോബിന്റെ സന്തതികളിൽനിന്ന്
തന്റെ മുഖം മറച്ചുവെക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും;
എന്റെ ആശ്രയം ഞാൻ യഹോവയിൽത്തന്നെ അർപ്പിക്കും.
18ഇതാ, ഞാനും യഹോവ എനിക്കു നൽകിയ മക്കളും. സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഇസ്രായേലിനുള്ള ചിഹ്നങ്ങളും മുന്നറിയിപ്പുകളും ആയിരിക്കുന്നു.

അന്ധകാരം പ്രകാശമായിത്തീരുന്നു

19വെളിച്ചപ്പാടുകളോടും തന്ത്രമന്ത്രങ്ങൾ ചെയ്യുന്ന ഭൂതസേവക്കാരോടും ആലോചന ചോദിക്കുക, എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലേ ആലോചന ചോദിക്കേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുന്നത് എന്തിന്? 20ദൈവത്തിന്റെ നിർദേശത്തിനും പ്രവാചകസാക്ഷ്യത്തിനും ആരായുക. ഈ വചനപ്രകാരം ഒരാൾ സംസാരിക്കുന്നില്ലെങ്കിൽ അത് അവർക്ക് ഉഷസ്സിന്റെ വെളിച്ചം ഇല്ലായ്കയാലാണ്. 21അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ കോപിച്ച് തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിച്ച് മുഖം ആകാശത്തിലേക്കു തിരിക്കും, 22അവർ ഭൂമിയിലേക്കു നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും ഭയാനകമായ മൂകതയുംമാത്രമേ കാണുകയുള്ളൂ; ഒടുവിൽ അവർ ഘോരാന്ധകാരത്തിലേക്കു തള്ളപ്പെടും.

Copyright information for MalMCV